ദില്ലി ബ്ലോഗ്‌ മീറ്റ്‌

Friday, August 01, 2008

ഈ ക്ലബ്ബും പിരിച്ചു വിട്ടിരിക്കുന്നു !

ദില്ലി ബ്ലോഗ് മീറ്റ് പിരിച്ചുവിട്ടിരിക്കുന്നു...
ബൂലൊക ക്ലബ്ബ് പിരിച്ചുവിട്ടില്ലേ..?
അതെന്താ കാരണം എന്നറിയാമോ ? ചുരക്കത്തില്‍‌ പറഞ്ഞാല്‍‌, ബൂലൊക ക്ലബ്ബിന്റെ ഔദ്യോഗിക അജന്‍ഡയിലുള്ള ഒരു കാര്യവും ക്ലബ്ബില്‍ ഇപ്പോ നടക്കുന്നില്ല !
അപ്പോ ഈ ക്ലബ്ബും പിരിച്ചു വിടേണ്ടേ ?
2006 നവമ്പര്‍‌ 11ന് വൈകിട്ട് ഇന്ത്യാ ഗേറ്റിന്റെ പുല്‍ തകിടിയില്‍ ഈ ക്ലബ്ബ് ജനിച്ചു വീണപ്പോള്‍, ഇതിന് ഒരൊറ്റ ഉദ്ദേശ്യമെ ഉണ്ടായിരുന്നുള്ളു... മീറ്റുക.. പിന്നെ ഈറ്റുക.. ഈറ്റാനായി മീറ്റുക..
ഈ മുദ്രാവക്യം അംഗീകരിച്ച് നമ്മള്‍ പടുത്തുയര്‍ത്തിയ ഈ ക്ലബ്ബില്‍ ഇന്ന് തീറ്റ പോയിട്ട് ഒരു പാറ്റ പോലുമില്ല..
നമ്മുടെ ക്ലബ്ബിന്റെ രക്ഷാധികാരിയും, സര്‍വ്വോപരി ക്ലബ്ബിന്റെ ആജീവനാന്ത പ്രസിഡന്റുമായ ശ്രീമതി പാര്‍വ്വതി കല്യാണം കഴിച്ചതു പോലും നമ്മള്‍ അറിഞ്ഞില്ല. പിന്നെ പറഞ്ഞ് പറഞ്ഞ് പറഞ്ഞ് അറിഞ്ഞിട്ടു പോലും നമ്മള്‍ അത് ആഘോഷിച്ചില്ല..

ഇനി വയ്യ... സമീപ ഭാവിയില്‍‌ മറ്റൊരു ഈറ്റ് ഉണ്ടാകുമെന്ന് കരുതാന്‍‌ മാത്രം പടുവിഡ്ഢിയല്ല ഞാന്‍..
അതുകൊണ്ട് നിലവിലെ സെക്രട്ടറിയും പ്രസിഡന്റുമൊക്കെയായ ഞാന്‍‌ ഇതു പിരിച്ചു വിട്ടിരിക്കുന്നു..

ഇനി പിരിച്ചു വിട്ടതിന്റെ പേരില്‍‌ ആ ദുഖത്തില്‍ പങ്കുകൊള്ളാന്‍‌ നമുക്കെവിടെ കൂടാം എന്ന് മാത്രം തീരുമാനിക്കുക..!

Monday, January 14, 2008

തട്ടിക്കൂട്ടിയ മീറ്റ് - ദില്ലി - 2008

കേരളാ ഹൗസിനു സമീപത്തുള്ള പടേല്‍ ചൌക്ക് മെട്രോ സ്റ്റേഷന്‍. ഞായറാഴ്ച കാലത്ത് പതിനൊന്നു മുപ്പത്. പെട്ടെന്നു തീരുമാനിച്ച മീറ്റിനു പങ്കെടുക്കാനായി മീറ്റിംഗ് സ്പോട്ടായി തീരുമാനിച്ച അവിടേക്ക്, സുഗതരാജ് പലേരി, മാത്യൂ, ഹരീഷ്, ഹരീഷിന്‍റെ കൂട്ടുകാരന്‍ ഹരി‍കൃഷ്ണന്‍ എന്നിവര്‍ എത്തിച്ചേര്‍ന്നു.


'കൊണാട്ട് പ്ലേസില്‍ പുതിയ പോസ്റ്റിനു സ്പാര്‍ക്ക് തേടി സമയം വേസ്റ്റാക്കാതെ പെട്ടെന്നു വാ' എന്ന മാത്യൂസിന്‍റെ ഓര്‍ഡര്‍ കേട്ട് മനു ഓടിപാഞ്ഞെത്തി.

'ഞങ്ങള്‍ രണ്ടാമത്തെ ഗേറ്റിലുണ്ട് നിങ്ങള്‍ എവിടെയാ?' എന്ന് കാര്ട്ടൂണിസ്റ്റ് സുധീര്‍ മൊബൈലില്‍ ഫോണില്‍.

'ഞങ്ങളും രണ്ടില്‍ തന്നെ.. ദാ എത്തി' എന്ന് സുഗതരാജ്.


പത്തുമിനിട്ട് തപ്പിയിട്ടും കാണാതായപ്പോള്‍ 'എന്നാല്‍ കേരളാ ഹൗസിലോട്ട് പോക്കോ അവിടെത്താം' എന്ന കോമ്പ്രമൈസില്‍ എല്ലാവരും നേരെ അങ്ങോട്ട് വിട്ടു. മെട്രോസ്റ്റേഷനു പിന്നിലുള്ള ഇടവഴിയിലൂടെ കേരളാ ഹൗസിനു മുന്നിലേക്ക്.

കേരളാ ഹൗസിന്‍റെ മുന്നില്‍ കാര്ട്ടൂണിസ്റ്റ് സുധീര്‍, കാര്‍ട്ടൂണിസ്റ്റും, അനിമേഷന്‍ സ്പെഷലിസ്റ്റുമായ ജോസ് ജോസഫ് , ഫോട്ടോഗ്രാഫര്‍ ദിനകര്‍ , ചിത്രകാരനായ ഷിനോദ്. സൌഹൃദത്തിന്‍റെ സുഖമുള്ള പരിചയപ്പെടലുകള്‍, പരിചയം പുതുക്കലുകള്‍, ക്ഷേമാന്വേഷണങ്ങള്‍..


ആദ്യകാല ബ്ലോഗ് മെമ്പര്‍മാരായ ബിജോയ്, പ്രശാന്ത്, പാര്‍വ്വതി, സുനില്‍ എന്നിവരെക്കൂടെ പരിചയപ്പെടാമെന്ന പുതിയ മെമ്പര്‍മാരുടെ മോഹം, അവര്‍ക്ക് വരാന്‍ കഴിയാഞ്ഞതു കൊണ്ട്, സാധിച്ചില്ല.


കേരളാഹൗസിന്‍റെ മുന്നിലെ പുല്‍ത്തകിടിയില്‍, ജനുവരിയിലെ തണുപ്പിന്‍റെ റൊമാന്‍റിക് ബാക്ക്‌ഗ്രൌണ്ടില്‍, ദില്ലി ബ്ലോഗേഴ്സ് വട്ടത്തിലിരുന്നു. ചിരിയും തമാശയും ഗൌരവവും ഒത്തുചേര്‍ന്ന ചര്‍ച്ച തുടങ്ങി.

മലയാളം ബ്ലോഗിംഗിന്‍റെ ഉത്ഭവം, വളര്‍ച്ച, ഭാവി, പ്രധാന ടിപ്പുകള്‍ എന്നിവയെ കുറിച്ച് സരസമായി സുഗതരാജിന്‍റെ വിവരണം.സുധീര്‍നാഥ് സ്വന്തം ജീവിതയാത്രയെപറ്റി ഹ്രസ്വമായി വിവരിച്ചു. ദിവസവും രണ്ടു മണിക്കൂര്‍ വാര്‍ത്തകള്‍ക്കുള്ളില്‍ പരതി, അടുത്ത ദിവസത്തെ കാര്‍ട്ടൂ‍ണിനു വിഷയം കണ്ടുപിടിക്കുന്ന ശ്രമകരമായ ജോലിയെപറ്റി, കര്‍മ്മമണ്ഡലത്തിലെ അനുഭവങ്ങളെ പറ്റി.......


'പൂമ്പാറ്റ' എന്ന കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണത്തിന്‍റെ ആര്‍ട്ട് ഡയറക്ടര്‍ സ്ഥാനം ഉപേക്ഷിച്ച്, ആനിമേഷന്‍ രംഗത്തെ അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞ് ദില്ലിയിലേക്ക് വണ്ടികയറി, ആനിമേഷന്‍ സാമ്രാജ്യത്തെ കീഴടക്കിയ കഥ ജോസ് ജോസഫ് വിവരിച്ചത്, മറ്റുള്ളവര്‍ അത്ഭുതത്തോടെയും, അതിലേറെ സന്തോഷത്തോടെയും കേട്ടിരുന്നു. വിദേശികള്‍ മാത്രം ആനിമേഷന്‍ ഫിലിമുകള്‍ നിര്‍മ്മിച്ചിരുന്ന എണ്‍പതുകളില്‍, എസ്‌കോര്‍ട്സ് ഗ്രുപ്പ് മുതലാളിയായിരുന്ന നിഖില്‍ നന്ദയെ അനിമേഷന്‍റെ അനന്ത സാധ്യതകളെ കുറിച്ച് ബോധവല്‍ക്കരിക്കുകയും, എസ്കൊടൂണ്‍സ് എന്ന അവരുടെ തന്നെ സ്ഥപനത്തിന്‍റെ അനിമേഷന്‍ വിഭാഗം തലവനായി മാറുകയും, 'ഡിസ്നി ലാന്ഡില്‍' നിന്നും ആനിമേഷന്‍ വിദഗ്‌ധരെ ഇന്ത്യയിലേക്കു കൊണ്ടുവന്നതും, കൂടുതല്‍ പഠിക്കുവാനായി ആ സ്ഥാനം ഉപേക്ഷിച്ചതും എല്ലാം ജോസ് ജോസഫ് പറഞ്ഞപ്പോള്‍, മറ്റൊരു മലയാളിയുടെ വിജയഗാഥ, കേട്ടിരുന്നവര്‍ക്ക് അഭിമാനത്തിന്‍റെ കോരിത്തരിപ്പ്.


ഫിറ്റിംഗില്‍ ഒരു ഐ.ടി.ഐ ഡിപ്ലോമയുമായി ദില്ലിയില്‍ എത്തി അലഞ്ഞു നടന്ന്, ഫോട്ടോഗ്രാഫി പഠിച്ച് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച്, അതിലും രക്ഷയില്ലാതെ ഭാര്യയുമൊത്ത് തിരികെ നാട്ടിലേക്ക് പോകാനൊരുങ്ങിയതും, മുന്‍ പ്രധാനമന്ത്രി ശ്രീ വി.പി.സിംഗിന്‍റെ പടം എടുക്കാന്‍ കിട്ടിയ അവസരത്തില്‍ നിന്ന്, ദില്ലിയിലെ മികച്ച ഫോട്ടോഗ്രാഫര്‍ ആയി ഉയര്‍ന്ന്‌, ഇന്ന് സ്വന്തമായി ഒരു ഒരു സ്റ്റുഡിയോയും നാലു ജോലിക്കാരുള്ളസ്ഥിതിയിലെത്തിച്ചേര്‍ന്ന മറ്റൊരു വിജയകഥ ദിനകര്‍ പറഞപ്പോള്‍, അര്‍പ്പണബോധവും, ആത്മവിശ്വാസവും ഉണ്ടെങ്കില്‍ ആര്‍ക്കും എന്തുമായിത്തീരാം എന്ന പാഠം പുല്‍ത്തകിടിയില്‍ ഇരിക്കുന്നവര്‍ക്ക് ഒരിക്കല്‍ കൂടി അത്ഭുതവും ആത്മവിശ്വാസവും പകര്‍ന്നുനല്കി.


ഫൈന്‍ ആര്‍ട്ട്‌സ് കോളജിലെ വിദ്യാര്‍ഥിയും, പിന്നെ അവിടുത്തെ തന്നെ അധ്യാപകനുമായി മാറിയ ഷിനോദ്, മുകുന്ദന്‍റെ 'ഡല്‍ഹി' വായിച്ച്, ജോലി ഉപേക്ഷിച്ച് ഇവിടെ വന്ന കഥ പറഞ്ഞു. അറിയപ്പെടുന്ന ചിത്രകാരന്‍ ആവുക എന്ന മോഹം സഫലമായതിന്‍റേയും, നിരവധി എക്സിബിഷന്‍ നടത്തിയതിന്‍റേയും അഭിമാനം ആ വാക്കുകളില്‍. 'ഇന്ത്യാ ടുഡെ'യിലെ ഗ്രാഫിക് ഡിസൈനറായി ഉയര്‍ന്നു വന്ന ഷിനോദിന്‍റെ കഥയും തിളങ്ങുന്ന, തിളങ്ങാന്‍ മാത്രം ആഗ്രഹിക്കുന്ന മലയാളിയുടെ മനോവീര്യത്തിന്‍റെ മറ്റൊരു ഏടായി മാറി.

കൊച്ചുകൊച്ചു കാര്യങ്ങള്‍ പറഞ്ഞ് ഒടുവില്‍ കുട്ടിക്കവിതയില്‍ എത്തിനില്‍ക്കുന്ന തന്‍റെ ബ്ലോഗിങ്ങിനെക്കുറിച്ച് മാത്യൂസ്...

ഉടന്‍ എഴുതിതുടങ്ങുന്ന ദില്ലിയെ കുറിച്ചുള്ള പോസ്റ്റിനായി നടക്കുന്ന റിസേര്‍ച്ചുകളെപറ്റി സുഗതരാജ്...

'പഞ്ചാര ഇമേജ്' എന്തായാലും ഒന്നു മാറ്റിയെടുക്കണം എന്ന ഭീഷ്മശപഥവുമായി മനു..

ഫോട്ടോ ബ്ലോഗിനെ കുറിച്ച് ഹരീഷ്...

വായനക്കാരന്‍ എന്നനിലയില്‍ നിന്നും മാറി ഉടനെ ഒരു ബ്ലോഗറാവണം എന്ന് ഹരി‍കൃഷ്ണന്‍.


ഇടയ്ക്ക് മിന്നല്‍പിണറുകള്‍ പോലെ ക്യാമറ ഫ്ലാഷുകളും ക്ലിക്കുകളും.. ദിനകര്‍ വക... ഹരീഷ് വക....


അതിനിടയില്‍ കേരള ഹ ഹ ഹ സജ്ജീവിന്‍റേ ഫോണ്‍ കൊച്ചിയില്‍ നിന്നും. മീറ്റിനു എല്ലാ ആശംസകളും അദ്ദേഹത്തിന്‍റെ വക.. പുറകെ നാട്ടില്‍ നിന്നും കുറുമാന്‍റെ ഫോണ്‍ .


കേരളാ ഭവനിലിരിക്കുന്ന ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ നേരെ ആന്ധ്രാഭവനിലേക്ക് (ഈ കേരളത്തിന്‍റെ കാര്യം, സണ്‍ഡേ ഹോളീഡേ!!). ആന്ധ്രാഭവനിലെ 'ആലുവാമണപ്പുറത്തെ' തിരക്കുകണ്ട് (അവര്‍ക്ക് അന്ന് സാറ്റര്‍ഡേ ആണെന്നു തോന്നുന്നു!), നേരെ ബംഗാളി മാര്ക്കറ്റിലേക്ക്.

'ബംഗാളി സ്വീറ്റ്‌സില്‍' പിന്നെയും വട്ടമേശ സമ്മേളനം. ഛോലാ ഭട്ടൂരാ, നാന്‍, ചാവല്‍ (ചോറല്ല!). നാവില്‍ വെള്ളം (വയറ്റിലും!) നിറയ്ക്കുന്ന ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ മുന്നില്‍.


ഊണിനിടയിലും കഥകള്‍... വീരഗാഥകള്‍...തമാശകള്‍.... വിജയിച്ചവരും, വിജയിച്ചുകൊണ്ടിരിക്കുന്നവരും, വിജയിക്കാനിരിക്കുന്നവരും ഒരേപോലെ..ജാഡകള്‍ ഇല്ലാതെ... പച്ചമനുഷ്യരായി....ഒരേ പച്ചപ്പില്‍ നിന്ന് വന്നവരായി അങ്ങനെ...


പലതരം തിരക്കുകള്‍ കാരണം, ജോസ് ജോസഫും, സുധീറും, ദിനകറും, ഷിനോദും, ഹരീഷും യാത്രപറഞ്ഞിറങ്ങി. സുഗതരാജും, മാത്യൂസും, മനുവും, ദില്ലിയുടെ കാഴ്ചകളിലേക്ക് നടന്നു നീങ്ങി.


കോഫീ ഹൌസിനു വെളിയില്‍ ചെറുചൂടുംകൊണ്ട് ചൂടു കോഫി മൊത്തിക്കൊന്ടിരുന്നപ്പോള്‍, കോഫീഹൌസിലെ തൂക്കയന്ത്രത്തില്‍ നാണയമിട്ട് മാത്യൂസ് ആദ്യം കയറി.. തൂക്കം കുറഞ്ഞതില്‍ വിഷമം. പിന്നെക്കയറിയ സുഗതരാജിന്‌ തൂക്കം കൂടിയതില്‍ വിഷമം.

'രണ്ടുരൂപ മുടക്കി വിഷമിക്കാന്‍ എന്നെക്കിട്ടില്ല' എന്ന മട്ടില്‍ വെളിയില്‍കണ്ട പെണ്‍കിടാവിനെയും നോക്കി മനു.

കൊണാട് പ്ലേസിന്‍റെ വിരിമാറിലൂടെ, പാലികാ ബജാറിന്‍റെ അകത്തുകൂടെ വിന്ഡോ ഷോപ്പിംഗ് ചെയ്തും, മനസില്‍ വിസില്‍ അടിച്ചും മൂന്നുപേരും ഒരുപാട് നേരം.

കാറുകളുടെ മോഡലുകളെപറ്റി മാത്യൂസ്.

കളറുകളുടെ മോഡലുകളെപറ്റി മനു.

കാലത്തിന്‍റെ മോള്‍ഡിംഗിനെ പറ്റി സുഗതരാജ്.

സൌഹൃദത്തിന്‍റെ കാറ്റേറ്റ് ആറുമണിവരെ നടത്തം. ഇടയ്ക്ക് പേരയ്ക്ക തിന്നും, പേഴ്സിനു വിലചോദിച്ചും, ഭാവിയില്‍ വാങാന്‍ പോകുന്ന ഷര്‍ട്ടുകള്‍ കണ്ടുവച്ചും അങ്ങനെ....

എന്നത്തെയും പോലെ മെട്രോ സ്റ്റേഷന്‍ കണ്ടതേ സുഗതരാജ് രണ്ടുപേര്‍ക്കും ഷേക്ക് ഹാന്ഡ് കൊടുത്തു. ഒന്നല്ല പലതവണ.

മാത്യൂസിന്‍റെ ബൈക്കിലിരുന്ന് മനു ജന്തര്‍മന്ദിറിലെ സ്റ്റോപ്പിലേക്ക്.

മനോഹരമായ.....ഒരിക്കലും മറക്കാത്ത സുഖമുള്ള ഒരു ഞായറാഴ്ച അങ്ങനെ കറുത്തുകുറുകി.... തണുത്തുറഞ്ഞ്...(ജനുവരിയല്ലേ!)

'ലൈഫ് ഈസ് സിമ്പ്ലി ബ്യൂട്ടിഫുള്‍....' വൈകിട്ട് എല്ലാവരും ഫോണ്‍ വിളിച്ച് ഇതു തന്നെ പറഞ്ഞു.... എങ്ങനെ പറയാതിരിക്കും.
*******
തയ്യാറാക്കിയത്: ജി.മനു & സുഗതരാജ് പലേരി

Sunday, November 25, 2007

ഒരു കൊച്ചു ഭൂമി കുലുക്കം

ദില്ലി - ഹരിയാന ബൊര്‍ഡര്‍ മേഘലയില്‍ ഭൂമികുലുങ്ങിയിരിക്കുന്നു.
പുലര്‍ച്ചെ 4.42 നു്, റിക്ചര്‍ സ്കെയിലില്‍ 4.3 രേഘപ്പെടുത്തിയ ഈ കൊച്ചു ഭൂമികുലുക്കം തലസ്ഥാനത്തെ മിടുക്കന്മാരുടെയും മിടുക്കികളുടെയും കൊച്ചു വെളുപ്പാന്‍ കാലത്തെ മരം കോച്ചുന്ന തണുപ്പത്തുള്ള മൂടിപ്പുതച്ചുള്ള ഉറക്കം നഷ്ടപ്പെടുത്തിയത് ഒഴിച്ചാല്‍ മറ്റ് അനിഷ്ട് സംഭവങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ന്യൂസ് ചാനലുകള്‍ പറയുന്നു...

എന്നാല്‍ ഈ ഭൂമികുലുക്കം ദില്ലി ബ്ലൊഗിന്റെ പൊന്നൊമന പുത്രന്‍ പുഴയോരം സുനില്‍ ഇന്നലെ വിവാഹിതനായതിന്റെ ആഫ്റ്റര്‍ ഇഫക്റ്റോ, സര്‍വ്വസമ്മതനായ ഈ ഞാന്‍ ഇന്ന് ആദ്യ വിവാഹ വാര്‍ഷികത്തിലേക്ക് കാലെടുത്ത് വെച്ചതിന്റെ ഞെട്ടലൊ ഒന്നും കൊണ്ടല്ല എന്ന് ഭൌമശാസ്ത്ര കേന്ദ്രം പുറത്തുവിട്ട പ്രഥമ റിപ്പൊര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും, അതുമൂലമുള്ള സാധ്യതകളും തള്ളിക്കളയാന്‍ അവര്‍ തയ്യാറായിട്ടില്ല...

വരും ദിനങ്ങളെ ആകാംഷയുടെ മുള്‍ മുനയില്‍ നിര്‍ത്തുന്ന ഈ കൊച്ചു ഭൂമികുലുക്കത്തിന്റെ അവസരത്തില്‍ പുഴയോരം സുനിലിന് ഒരായിരം മംഗളാശംസകള്‍...

Monday, April 23, 2007

അവന്‍ തിരിച്ച് പോയി....(അവന്റെ പള്ളക്കിട്ട് ഞെക്കാന്‍ മറക്കരുത്..)

അവന്‍ തിരിച്ച് പോയി..
ഒരു മണ്ടത്തരവും ഒപ്പിക്കാതെ.... മിടുക്കനായിട്ട്...
കൊറച്ച് പടങ്ങള്‍ ...
എല്ലാ പടവും കാണാന്‍ അവന്റെ പള്ളക്കിട്ട് ഒരു ഞെക്ക് കൊടുക്കുക..

ഗാന്ധി സൂക്തവും മണ്ടനും : ഇനി അവന്‍ മിടുക്കനാവും..


Friday, April 20, 2007

"കൊടകരപുരാണം" ദില്ലിയിലും വെളിച്ചം കണ്ടു.

അങ്ങിനെ ഒരു മീറ്റും കൂടെ കഴിഞ്ഞു.

പറഞ്ഞതുപോലെ, പറഞ്ഞതിനും മുന്‍പ്തന്നെ, മിടുക്കനോടൊത്ത് ശ്രീജിത്ത് ഇന്ത്യാഗെയിറ്റിനു മുന്നിലുള്ള വിശാലമായ പുല്‍മൈതാനിയില്‍, ആരുടേയോകാലുതട്ടി വീണതുപോലെ, മുന്നിലൂടെ ഒഴുകി നീങ്ങുന്ന "കളറുകളുടെ" (പുള്ളി പിന്നീട് പറഞ്ഞത് "കാറുകളുടെ" എന്നാണ്) ഭംഗിനോക്കി കമഴ്ന്ന് കിടക്കുന്നുണ്ടായിരുന്നു.

ദൂരെ നിന്നും രണ്ട് സെക്യൂരിറ്റിക്കാര്‍ ഓടിവന്ന് ഇവിടം യാചക നിരോധിതമേഖലയാണെന്നൊക്കെ തനി "ജാട്ട്" ഭാഷയില്‍ പറയുന്നുണ്ടായിരുന്നു. മിടുക്കന്‍ ശ്രീജിയെചൂണ്ടി ഇത് ബാഗ്ളൂരില്‍ നിന്നുവന്ന ബ്ളോഗ്ഗറാണ്, പുലിയാണെന്നൊക്കെ അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ഒരു ശ്രമം നടത്തി നോക്കി. പറഞ്ഞതൊന്നും മനസിലാവാതെ, "ദോനോം പാഗലെ" എന്നുപറഞ്ഞു പോലീസവരുടെ വഴിക്കുപോയി.

മിടുക്കന്‍ തന്റെ മിടുക്കുകൊണ്ട് പോലീസില്‍ നിന്നും രക്ഷപെട്ട കാര്യം പിന്നീട് വന്ന എല്ലാവരോടും വിശദീകരിക്കുന്നുണ്ടായിരുന്നു.

ഞാനെത്തി അല്പം കഴിഞ്ഞപ്പോള്‍, ഓഫീസില്നിന്നും മാത്യുവിന്റെ ഫോണ്‍ വന്നു, പറഞ്ഞതു പോലെ ആന്ധ്രാഭവനു മുന്നിലാരെയും കാണുന്നില്ലെന്ന് സുനില്‍ വിളിച്ചിരുന്നു നിങ്ങളെവിടെയാണെന്ന് ചോദിച്ചു കൊണ്ട്. ഞങ്ങള്‍ സ്ഥലം പറഞ്ഞുകൊടുത്ത് 10മിനിറ്റുനുള്ളില്‍ സുനിലും ഞങ്ങളുടെകൂടെ കൂടി.

ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്, പെട്ടെന്നൊരു പൊട്ടിക്കരിച്ചില്‍, നോക്കുമ്പോള്‍ ശ്രീജിയാണ്‌, അച്ചുമാമന്‍ പോലും ദില്ലിയില്‍ വന്ന് മെട്രോയില്‍ കയറി എന്നെയും മെട്രോയില്‍ കയറ്റണമെന്ന്. അപ്പോഴേയ്ക്കും സമയം 7 മണിയോടടുത്തിരുന്നു.

ഞങ്ങളിരിക്കുന്നിടത്തുനിന്നും 10-15 മിനിറ്റ് നടന്ന് വേണം മെട്രൊ സ്റ്റേഷനിലെത്താന്‍. എന്നാലും ശരി മെനക്കെടാന്‍ തന്നെ തീരുമാനിച്ചു.
ഞങ്ങള്‍ 4 പേരും 'സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്' സ്റ്റേഷനില്‍ നിന്നും അടുത്തസ്റ്റേഷനായ പട്ടേല്‍ ചൌക്ക് സ്റ്റേഷനിലേക്ക് ടിക്കറ്റെടുത്ത് വണ്ടിയില്‍ കയറി. പട്ടേല്‍ ചൌക്ക് സ്റ്റേഷനില്‍ വണ്ടിയെത്തിയപ്പോള്‍ ശ്രീജി ഇറങ്ങുന്നില്ല. വണ്ടിയാണെങ്കില്‍ ഒരുമിനിറ്റുപോലും ഒരു സ്റ്റേഷനില്‍ നിര്‍ത്തില്ല. പിന്നെപ്പോയി അടുത്ത സ്റ്റേഷനായ രാജീവ് ചൌക്കിലിറങ്ങി അടുത്തവണ്ടി പിടിച്ച് വീണ്ടും പട്ടേല്‍ ചൌക്ക് സ്റ്റേഷനിലേക്ക് വന്നു. അപ്പോഴേയ്ക്കും തീര്‍ത്ഥാടക സംഘം എവിടെയെത്തി എന്നറിയാന്, മാത്യു തുരുതുരാ ഫോണ്‍വിളിക്കുന്നുണ്ടായിരുന്നു.

പട്ടേല്‍ ചൌക്ക് സ്റ്റേഷനില്‍ നിന്നും പുറത്തുകടന്നപ്പോള്‍ ശ്രീജിക്കൊരാഗ്രഹം, ദില്ലിയില്‍ വന്നതല്ലേ, ഇവിടത്തെ ഓട്ടോറിക്ഷയില്‍കൂടി ഒന്നു കയറണമെന്ന്. അങ്ങിനെ അവിടെനിന്നും ഞങ്ങള്‍ മൂന്നുപേരും (സുനില്‍ തന്റെ ബൈക്കെടുക്കാന്‍ വീണ്ടും 'സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്' സ്റ്റേഷനിലേക്ക് പോയിരുന്നു) ഓട്ടോയില്‍ ആന്ധ്രാഭവനിലെത്തുമ്പോല്‍ മാത്യു ഞങ്ങളെ കാത്തവിടെ നില്‍പുണ്ടായിരുന്നു.

തിരക്കുപിടിച്ച ഹായ് ഹലോകള്‍ക്ക് ശേഷം നഷ്ടപ്പെടുത്താന്‍ സമയമേറെ ഇല്ലെന്ന ശ്രീയുടെ അറിയിപ്പിനെ തുടര്‍ന്ന് ഞങ്ങള്‍ ഭക്ഷണഹാളിലേക്ക് കടന്നു.

ഹാളില്‍ നല്ലതിരക്ക്.

ഒടനെതന്നെ മാത്യു പോയി മാനേജരോട് ശ്രീജിയെ ചൂണ്ടി എന്തൊക്കയോ പറഞ്ഞു, പെട്ടന്ന് തിരിച്ച് വന്ന് പൊതുജനങ്ങള്‍ക്കുള്ള പൊതുഹാളിലിരുത്താതെ, ഞങ്ങളെ വി.ഐ.പി ഹാളിലേക്ക് തെളിച്ചു കൊണ്ടുപോയി (മാത്യുവിന്റെ ഓരോ ട്രിക്കേ).

വി.ഐ.പി ഹാളിലെത്തിയ ഞങ്ങള്‍ക്ക് ഗംഭീര സ്വീകരണമായിരുന്നു. നിമിഷങ്ങള്‍ക്കകം ഭക്ഷണസാധനങ്ങള്‍നിറച്ച പാത്രങ്ങള്‍ മേശമേല്‍ നിരന്നു. നല്ലകുപ്പിഗ്ലാസ്സില്‍ "ഗ്രീന്‍ വാട്ടറും".

വഴിയിലൊറ്റപ്പെട്ടുപോയ സുനിലെന്ന കുഞ്ഞാടിനെ കാത്തിരിക്കാതെ ചെറിയ തോതില്‍ എല്ലാവരും ആക്രമണ്‍ ആരംഭിച്ചു. അധികം വൈകാതെ സുനില്‍കൂടിഎത്തിച്ചേര്‍ന്നപ്പോള്‍ കോറം തികഞ്ഞു.

ഭക്ഷണത്തിനിടയില്‍ തന്നെ "കൊടകരപുരാണം" ആഘോഷപൂര്‍വ്വം വെളിച്ചംകാണിച്ചു.

8.45ന്‌ ഭക്ഷണശാലയില്‍ നിന്നും പുറത്ത് കടന്ന് അടുത്തുകണ്ട പുല്‍മൈതാനത്ത് കഴിഞ്ഞുപോയ നിമിഷങ്ങളയവിറക്കി ഞങ്ങളിരുന്നു, കിടന്നു, കിടന്നുരുണ്ടു.

ഏകദേശം 9.30ന്‌ അവസാന മെട്രോ എന്ന ഉള്‍വിളി വന്നതോടെ എനിക്ക് പിരിയാതെനിവര്‍ത്തിയില്ലാതായി.

വീണ്ടും കാണാമെന്ന ഉറപ്പോടെ, വിശ്വാസത്തോടെ നല്ലൊരു പുതിയ കൂട്ടുകാരനെ കിട്ടിയ സന്തോഷത്തോടെ എല്ലാവര്‍ക്കും ശുഭരാത്രി ആശംസിച്ച് ഞാന്‍ സുനിലിന്റെ വണ്ടിയുടെ പിന്നിലെ സീറ്റ്‌തരപ്പെടുത്തി വീണ്ടും മെട്രോസ്റ്റേഷനിലേക്ക് തിരിച്ചു.

വാലറ്റം:: ഇതിലില്ലാത്ത എല്ലാ ഫോട്ടോകള്‍ക്കും കടപ്പാട് മിടുക്കനോട്.

ബിജോയ്, പാര്‍വ്വതി, മനു എന്നിവര്‍ ജോലിത്തിരക്കുമൂലം മീറ്റിനെത്താന്‍ സാധിക്കാത്തില്‍ തങ്ങളുടെ അഗാധമായ ദു:ഖം ഫോണിലൂടെ രേഖപ്പെടുത്തി. നീര്‍മാതളം ചെന്നെയില്‍നിന്നും (മുന്‍ ദില്ലി ബ്ലോഗ്ഗര്‍) കുമാരേട്ടന്‍ ഗോവയില്‍നിന്നും പിന്നെയും ഞാനറിയാത്ത പലരും ശ്രീജിയുടെ ഫോണില്‍ ആശംസകളറിയിക്കാന്‍ വിളിച്ചിരുന്നു.

മീറ്റിനാശംസകളറിയിച്ച എല്ലാ ബൂലോക കൂടപ്പിറപ്പുകള്‍ക്കും നന്ദി.

Labels: , ,

Thursday, April 19, 2007

ദില്ലിയില്‍ അതീവ ജാഗ്രത...

ലോക പ്രശസ്ത മണ്ടന്‍ എങ്ങനെയൊ ദില്ലിയില്‍ എത്തിയിരിക്കുന്നെന്ന് ഇന്റജിലന്‍സ് ബ്യൂറോ റിപ്പൊര്‍ട്ട് ചെയ്യുന്നു.

അതിനാല്‍ ദില്ലിയിലൊ എന്‍സിആര്‍ ഏരിയായിലൊ ഉള്ള ആരേലും ബ്ലോഗ് ചെയ്യുന്നവരാണേങ്കില്‍
ഇനി അതല്ല മണ്ടനെ കാണണം എന്ന് ആഗ്രഹം ഉള്ളവരാണെങ്കില്‍ പോലും, (ബ്ലൊഗര്‍ മാര്‍ മസ്റ്റ് ആണ്..) വൈകിട്ട് കൊണാട്ട് പ്ലേസിനു സമീപമുള്ള ആന്ധ്രാഭവന്‍ ഹൊട്ടലില്‍ എത്തിച്ചേരാന്‍ ആവശ്യപ്പെടുന്നു...

പൊതു ജനങ്ങള്‍ ഭയാകുലരാകേണ്ട കാര്യം ഇല്ലെന്ന് പ്രതിരൊധ മന്ത്രാലായം അറിയിക്കുന്നു.

Monday, March 12, 2007

സിന്ദൂരസന്ധ്യയ്ക്ക് തിലകം ചാര്‍ത്തി…


വസന്തകാലം ഡെല്‍ഹിയെ മനോഹരിയാക്കും, കാട്ടുചെടികള്‍ പോലും പൂക്കളണിഞ്ഞ് നേര്‍ത്ത തണുപ്പുള്ള ഇളം കാറ്റില്‍ മദാലസകളായി നില്ക്കും.

വാരാന്ത്യങ്ങളില്‍ ഇന്ത്യാഗേറ്റ് പരിസരത്ത് ഒരു ചെറു ഉത്സവത്തിരക്കാണ്, തിമര്‍ത്തു മറിയുന്ന കുട്ടികളും അവരെ ചുറ്റിപറ്റി തിരിയുന്ന ബലൂണ്‍ വില്പനക്കാരനും സോപ്പ്കുമിളകളുണ്ടാക്കുന്നയാളും കുഴലൂത്തുകാരനും.

മെഹന്ദിയിടുന്നവരും ബേല്പൂരിക്കാരനും പാപ്പട് വാലയും പിന്നെ കാറ്റിന്റെ നേര്‍ത്ത തലോടലും സാഹായ്നദൃശ്യം പൂര്‍ണ്ണമാക്കുന്നു.

ഈ പുല്‍ത്തകിടിയാണ് ഡെല്‍ഹിയിലെ മലയാളം ബ്ലോഗ്ഗേര്‍സ് ഒരു കൂടിവരവിനായി മാര്‍ച്ച് 10,ശനിയാഴ്ച വൈകുന്നേരം തിരഞ്ഞെടുത്തത്.


ബിജോയിയും സരിതയും മകന്‍ അച്ചുവും മഴത്തുള്ളിയും സുനിലും സുഗതരാജും രജിതയും മിടുക്കനും ആശയും പാര്‍വതിയും ആയിരുന്നു അന്ന് അവിടെ എത്തിചേര്‍ന്നവര്‍.

ഓഫീസ് തിരക്കുകളില്‍ പെട്ട് എത്തിചേരാനാവില്ലെന്ന് മനു അറിയിച്ചതിനാല്‍ പുതിയ ബ്ലോഗ്ഗറെ പരിചയപ്പെടാനായില്ല എന്നതൊരു വിഷമമായി.


കൊച്ചുവര്‍ത്തമാനങ്ങളും കളിചിരികളും നിറഞ്ഞ സദസ്സില്‍ അച്ചുവിന്റെ കുസൃതികളും മിടുക്കന്റെ ഡയലോഗുകളും ബൂലോക വിശേഷങ്ങളും നിറഞ്ഞൊഴുകവെ സമയസൂചിക ഇത്തിരി തിരക്കു പിടിച്ചാണോ പോയതെന്ന് സംശയം.

സോപ്പുകുമിളകള്‍ വിടര്‍ത്തി ബാല്യമാഘോഷിക്കുന്ന അച്ചു

വീട്ടുകാര്യങ്ങളും ഫോട്ടോഗ്രാഫിയും വിമര്‍ശനമില്ലാത്ത ബൂലോകവും അങ്ങനെ അജണ്ഡയില്ലാത്ത മീറ്റിലെ വിഷയങ്ങള്‍ അനവധിയായിരുന്നു.


അന്തിമാനം ചുവന്നപ്പോള്‍ രാജവീഥിയിലെ വഴിവിളക്കുകള്‍ കണ്ണു ചിമ്മി.

നിയോണ്‍ ബള്‍ബുകളുടെ പ്രഭാവലയത്തില്‍ ഇന്ത്യാഗേറ്റെന്ന വീരഭടന്മാരുടെ ഓര്‍മ്മകുടീരം കിനാകാഴ്ച പോലെ നിന്നു.

ഒരു ഗ്രൂപ്പ് ഫോട്ടോതീരുമാനിച്ചുറപ്പിച്ചത് പോലെ ആന്ത്രാഭവനില്‍ നിന്ന് സുഭിക്ഷമായ ഭക്ഷണവും കഴിച്ച് ട്രാഫിക്ക് റൌണ്ഡിലെ പാര്‍ക്കില്‍ വീണ്ടും ഒരൊന്നര മണിക്കൂര്‍ സംസാരിച്ചിരുന്നു പിരിയുമ്പോള്‍, മനസ്സില്‍ ഈ കൂട്ടുകാരെ “നല്ല മലയാളികളെ“ നേടിത്തന്ന ബൂലോകമെന്ന ബ്ലോഗു ലോകത്തിനോടും അതിന്റെ കൈവഴികളോടും സ്നേഹവും നന്ദിയും തോന്നി.മീറ്റിന്റെ കൂടുതല്‍ ഫോട്ടോ ഇവിടെ കണ്ടു നോക്കൂ..

-സ്നേഹത്തോടെ പാര്‍വതി.