ദില്ലി ബ്ലോഗ്‌ മീറ്റ്‌

Monday, March 12, 2007

സിന്ദൂരസന്ധ്യയ്ക്ക് തിലകം ചാര്‍ത്തി…


വസന്തകാലം ഡെല്‍ഹിയെ മനോഹരിയാക്കും, കാട്ടുചെടികള്‍ പോലും പൂക്കളണിഞ്ഞ് നേര്‍ത്ത തണുപ്പുള്ള ഇളം കാറ്റില്‍ മദാലസകളായി നില്ക്കും.

വാരാന്ത്യങ്ങളില്‍ ഇന്ത്യാഗേറ്റ് പരിസരത്ത് ഒരു ചെറു ഉത്സവത്തിരക്കാണ്, തിമര്‍ത്തു മറിയുന്ന കുട്ടികളും അവരെ ചുറ്റിപറ്റി തിരിയുന്ന ബലൂണ്‍ വില്പനക്കാരനും സോപ്പ്കുമിളകളുണ്ടാക്കുന്നയാളും കുഴലൂത്തുകാരനും.

മെഹന്ദിയിടുന്നവരും ബേല്പൂരിക്കാരനും പാപ്പട് വാലയും പിന്നെ കാറ്റിന്റെ നേര്‍ത്ത തലോടലും സാഹായ്നദൃശ്യം പൂര്‍ണ്ണമാക്കുന്നു.

ഈ പുല്‍ത്തകിടിയാണ് ഡെല്‍ഹിയിലെ മലയാളം ബ്ലോഗ്ഗേര്‍സ് ഒരു കൂടിവരവിനായി മാര്‍ച്ച് 10,ശനിയാഴ്ച വൈകുന്നേരം തിരഞ്ഞെടുത്തത്.


ബിജോയിയും സരിതയും മകന്‍ അച്ചുവും മഴത്തുള്ളിയും സുനിലും സുഗതരാജും രജിതയും മിടുക്കനും ആശയും പാര്‍വതിയും ആയിരുന്നു അന്ന് അവിടെ എത്തിചേര്‍ന്നവര്‍.

ഓഫീസ് തിരക്കുകളില്‍ പെട്ട് എത്തിചേരാനാവില്ലെന്ന് മനു അറിയിച്ചതിനാല്‍ പുതിയ ബ്ലോഗ്ഗറെ പരിചയപ്പെടാനായില്ല എന്നതൊരു വിഷമമായി.


കൊച്ചുവര്‍ത്തമാനങ്ങളും കളിചിരികളും നിറഞ്ഞ സദസ്സില്‍ അച്ചുവിന്റെ കുസൃതികളും മിടുക്കന്റെ ഡയലോഗുകളും ബൂലോക വിശേഷങ്ങളും നിറഞ്ഞൊഴുകവെ സമയസൂചിക ഇത്തിരി തിരക്കു പിടിച്ചാണോ പോയതെന്ന് സംശയം.

സോപ്പുകുമിളകള്‍ വിടര്‍ത്തി ബാല്യമാഘോഷിക്കുന്ന അച്ചു

വീട്ടുകാര്യങ്ങളും ഫോട്ടോഗ്രാഫിയും വിമര്‍ശനമില്ലാത്ത ബൂലോകവും അങ്ങനെ അജണ്ഡയില്ലാത്ത മീറ്റിലെ വിഷയങ്ങള്‍ അനവധിയായിരുന്നു.


അന്തിമാനം ചുവന്നപ്പോള്‍ രാജവീഥിയിലെ വഴിവിളക്കുകള്‍ കണ്ണു ചിമ്മി.

നിയോണ്‍ ബള്‍ബുകളുടെ പ്രഭാവലയത്തില്‍ ഇന്ത്യാഗേറ്റെന്ന വീരഭടന്മാരുടെ ഓര്‍മ്മകുടീരം കിനാകാഴ്ച പോലെ നിന്നു.

ഒരു ഗ്രൂപ്പ് ഫോട്ടോതീരുമാനിച്ചുറപ്പിച്ചത് പോലെ ആന്ത്രാഭവനില്‍ നിന്ന് സുഭിക്ഷമായ ഭക്ഷണവും കഴിച്ച് ട്രാഫിക്ക് റൌണ്ഡിലെ പാര്‍ക്കില്‍ വീണ്ടും ഒരൊന്നര മണിക്കൂര്‍ സംസാരിച്ചിരുന്നു പിരിയുമ്പോള്‍, മനസ്സില്‍ ഈ കൂട്ടുകാരെ “നല്ല മലയാളികളെ“ നേടിത്തന്ന ബൂലോകമെന്ന ബ്ലോഗു ലോകത്തിനോടും അതിന്റെ കൈവഴികളോടും സ്നേഹവും നന്ദിയും തോന്നി.മീറ്റിന്റെ കൂടുതല്‍ ഫോട്ടോ ഇവിടെ കണ്ടു നോക്കൂ..

-സ്നേഹത്തോടെ പാര്‍വതി.

Wednesday, March 07, 2007

രണ്ടാം ദില്ലീ ബ്ലോഗ് മീറ്റ് - സ്വാഗതം

ദെല്‍ഹീയിലെ മലയാളി ബ്ലോഗ് സമൂഹം വീണ്ടും ഒന്നിക്കുകയാണ്. ഈ വരുന്ന ശനിയാഴ്ച (10 മാര്‍ച്ച് 2007) വൈകുന്നേരം 4 മണിക്ക് ഇന്‍ഡ്യാ ഗേറ്റ്പുല്‍ത്തകീടീയില്‍ നമ്മുടെ രണ്ടാമത് ദില്ലി മീറ്റ് ആര്‍പ്പും കുരവയുമായി കൊണ്ടാടുകയാണെന്ന വിവരം എല്ലാവരെയും അറിയിക്കുന്നു. മെയിലിലും ചാറ്റിലുമായി നമ്മുടെ അംഗങ്ങല്‍ അവരുടെ ഹാജര്‍ അറിയിച്ചിട്ടുണ്ട്. ഇനി നമുക്ക് അറിയാതെ ആരെങ്കിലും ദെല്‍ഹിയില്‍ നിന്നും ബ്ലോഗ്ചെയ്യുന്നവരോ, ഈ കൂട്ടായ്മയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവരോ ഉണ്ടെങ്കില്‍ ഇവിടെ ഒരു കമന്റ് ഇട്ട് അവരുടെ ഹാജര്‍ വെക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

നമ്മുടെ ഈ കൂട്ടായ്മയീല്‍ പങ്കുചേരാന്‍ ഒരിക്കല്‍കൂടി എ‌ല്ലാവരെയും സ്വാഗതം ചെയ്യുന്നു.

അപ്പോ... ശേഷം കാഴ്ച്ചയില്‍......

- ബിജോയ് (ഇന്ദ്രപ്രസ്ഥം മലയാളം ബ്ലോഗ്ഗേര്‍സിനു വേണ്ടി)