ദില്ലി ബ്ലോഗ്‌ മീറ്റ്‌

Monday, April 23, 2007

അവന്‍ തിരിച്ച് പോയി....(അവന്റെ പള്ളക്കിട്ട് ഞെക്കാന്‍ മറക്കരുത്..)

അവന്‍ തിരിച്ച് പോയി..
ഒരു മണ്ടത്തരവും ഒപ്പിക്കാതെ.... മിടുക്കനായിട്ട്...
കൊറച്ച് പടങ്ങള്‍ ...
എല്ലാ പടവും കാണാന്‍ അവന്റെ പള്ളക്കിട്ട് ഒരു ഞെക്ക് കൊടുക്കുക..

ഗാന്ധി സൂക്തവും മണ്ടനും : ഇനി അവന്‍ മിടുക്കനാവും..


Friday, April 20, 2007

"കൊടകരപുരാണം" ദില്ലിയിലും വെളിച്ചം കണ്ടു.

അങ്ങിനെ ഒരു മീറ്റും കൂടെ കഴിഞ്ഞു.

പറഞ്ഞതുപോലെ, പറഞ്ഞതിനും മുന്‍പ്തന്നെ, മിടുക്കനോടൊത്ത് ശ്രീജിത്ത് ഇന്ത്യാഗെയിറ്റിനു മുന്നിലുള്ള വിശാലമായ പുല്‍മൈതാനിയില്‍, ആരുടേയോകാലുതട്ടി വീണതുപോലെ, മുന്നിലൂടെ ഒഴുകി നീങ്ങുന്ന "കളറുകളുടെ" (പുള്ളി പിന്നീട് പറഞ്ഞത് "കാറുകളുടെ" എന്നാണ്) ഭംഗിനോക്കി കമഴ്ന്ന് കിടക്കുന്നുണ്ടായിരുന്നു.

ദൂരെ നിന്നും രണ്ട് സെക്യൂരിറ്റിക്കാര്‍ ഓടിവന്ന് ഇവിടം യാചക നിരോധിതമേഖലയാണെന്നൊക്കെ തനി "ജാട്ട്" ഭാഷയില്‍ പറയുന്നുണ്ടായിരുന്നു. മിടുക്കന്‍ ശ്രീജിയെചൂണ്ടി ഇത് ബാഗ്ളൂരില്‍ നിന്നുവന്ന ബ്ളോഗ്ഗറാണ്, പുലിയാണെന്നൊക്കെ അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ഒരു ശ്രമം നടത്തി നോക്കി. പറഞ്ഞതൊന്നും മനസിലാവാതെ, "ദോനോം പാഗലെ" എന്നുപറഞ്ഞു പോലീസവരുടെ വഴിക്കുപോയി.

മിടുക്കന്‍ തന്റെ മിടുക്കുകൊണ്ട് പോലീസില്‍ നിന്നും രക്ഷപെട്ട കാര്യം പിന്നീട് വന്ന എല്ലാവരോടും വിശദീകരിക്കുന്നുണ്ടായിരുന്നു.

ഞാനെത്തി അല്പം കഴിഞ്ഞപ്പോള്‍, ഓഫീസില്നിന്നും മാത്യുവിന്റെ ഫോണ്‍ വന്നു, പറഞ്ഞതു പോലെ ആന്ധ്രാഭവനു മുന്നിലാരെയും കാണുന്നില്ലെന്ന് സുനില്‍ വിളിച്ചിരുന്നു നിങ്ങളെവിടെയാണെന്ന് ചോദിച്ചു കൊണ്ട്. ഞങ്ങള്‍ സ്ഥലം പറഞ്ഞുകൊടുത്ത് 10മിനിറ്റുനുള്ളില്‍ സുനിലും ഞങ്ങളുടെകൂടെ കൂടി.

ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്, പെട്ടെന്നൊരു പൊട്ടിക്കരിച്ചില്‍, നോക്കുമ്പോള്‍ ശ്രീജിയാണ്‌, അച്ചുമാമന്‍ പോലും ദില്ലിയില്‍ വന്ന് മെട്രോയില്‍ കയറി എന്നെയും മെട്രോയില്‍ കയറ്റണമെന്ന്. അപ്പോഴേയ്ക്കും സമയം 7 മണിയോടടുത്തിരുന്നു.

ഞങ്ങളിരിക്കുന്നിടത്തുനിന്നും 10-15 മിനിറ്റ് നടന്ന് വേണം മെട്രൊ സ്റ്റേഷനിലെത്താന്‍. എന്നാലും ശരി മെനക്കെടാന്‍ തന്നെ തീരുമാനിച്ചു.
ഞങ്ങള്‍ 4 പേരും 'സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്' സ്റ്റേഷനില്‍ നിന്നും അടുത്തസ്റ്റേഷനായ പട്ടേല്‍ ചൌക്ക് സ്റ്റേഷനിലേക്ക് ടിക്കറ്റെടുത്ത് വണ്ടിയില്‍ കയറി. പട്ടേല്‍ ചൌക്ക് സ്റ്റേഷനില്‍ വണ്ടിയെത്തിയപ്പോള്‍ ശ്രീജി ഇറങ്ങുന്നില്ല. വണ്ടിയാണെങ്കില്‍ ഒരുമിനിറ്റുപോലും ഒരു സ്റ്റേഷനില്‍ നിര്‍ത്തില്ല. പിന്നെപ്പോയി അടുത്ത സ്റ്റേഷനായ രാജീവ് ചൌക്കിലിറങ്ങി അടുത്തവണ്ടി പിടിച്ച് വീണ്ടും പട്ടേല്‍ ചൌക്ക് സ്റ്റേഷനിലേക്ക് വന്നു. അപ്പോഴേയ്ക്കും തീര്‍ത്ഥാടക സംഘം എവിടെയെത്തി എന്നറിയാന്, മാത്യു തുരുതുരാ ഫോണ്‍വിളിക്കുന്നുണ്ടായിരുന്നു.

പട്ടേല്‍ ചൌക്ക് സ്റ്റേഷനില്‍ നിന്നും പുറത്തുകടന്നപ്പോള്‍ ശ്രീജിക്കൊരാഗ്രഹം, ദില്ലിയില്‍ വന്നതല്ലേ, ഇവിടത്തെ ഓട്ടോറിക്ഷയില്‍കൂടി ഒന്നു കയറണമെന്ന്. അങ്ങിനെ അവിടെനിന്നും ഞങ്ങള്‍ മൂന്നുപേരും (സുനില്‍ തന്റെ ബൈക്കെടുക്കാന്‍ വീണ്ടും 'സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്' സ്റ്റേഷനിലേക്ക് പോയിരുന്നു) ഓട്ടോയില്‍ ആന്ധ്രാഭവനിലെത്തുമ്പോല്‍ മാത്യു ഞങ്ങളെ കാത്തവിടെ നില്‍പുണ്ടായിരുന്നു.

തിരക്കുപിടിച്ച ഹായ് ഹലോകള്‍ക്ക് ശേഷം നഷ്ടപ്പെടുത്താന്‍ സമയമേറെ ഇല്ലെന്ന ശ്രീയുടെ അറിയിപ്പിനെ തുടര്‍ന്ന് ഞങ്ങള്‍ ഭക്ഷണഹാളിലേക്ക് കടന്നു.

ഹാളില്‍ നല്ലതിരക്ക്.

ഒടനെതന്നെ മാത്യു പോയി മാനേജരോട് ശ്രീജിയെ ചൂണ്ടി എന്തൊക്കയോ പറഞ്ഞു, പെട്ടന്ന് തിരിച്ച് വന്ന് പൊതുജനങ്ങള്‍ക്കുള്ള പൊതുഹാളിലിരുത്താതെ, ഞങ്ങളെ വി.ഐ.പി ഹാളിലേക്ക് തെളിച്ചു കൊണ്ടുപോയി (മാത്യുവിന്റെ ഓരോ ട്രിക്കേ).

വി.ഐ.പി ഹാളിലെത്തിയ ഞങ്ങള്‍ക്ക് ഗംഭീര സ്വീകരണമായിരുന്നു. നിമിഷങ്ങള്‍ക്കകം ഭക്ഷണസാധനങ്ങള്‍നിറച്ച പാത്രങ്ങള്‍ മേശമേല്‍ നിരന്നു. നല്ലകുപ്പിഗ്ലാസ്സില്‍ "ഗ്രീന്‍ വാട്ടറും".

വഴിയിലൊറ്റപ്പെട്ടുപോയ സുനിലെന്ന കുഞ്ഞാടിനെ കാത്തിരിക്കാതെ ചെറിയ തോതില്‍ എല്ലാവരും ആക്രമണ്‍ ആരംഭിച്ചു. അധികം വൈകാതെ സുനില്‍കൂടിഎത്തിച്ചേര്‍ന്നപ്പോള്‍ കോറം തികഞ്ഞു.

ഭക്ഷണത്തിനിടയില്‍ തന്നെ "കൊടകരപുരാണം" ആഘോഷപൂര്‍വ്വം വെളിച്ചംകാണിച്ചു.

8.45ന്‌ ഭക്ഷണശാലയില്‍ നിന്നും പുറത്ത് കടന്ന് അടുത്തുകണ്ട പുല്‍മൈതാനത്ത് കഴിഞ്ഞുപോയ നിമിഷങ്ങളയവിറക്കി ഞങ്ങളിരുന്നു, കിടന്നു, കിടന്നുരുണ്ടു.

ഏകദേശം 9.30ന്‌ അവസാന മെട്രോ എന്ന ഉള്‍വിളി വന്നതോടെ എനിക്ക് പിരിയാതെനിവര്‍ത്തിയില്ലാതായി.

വീണ്ടും കാണാമെന്ന ഉറപ്പോടെ, വിശ്വാസത്തോടെ നല്ലൊരു പുതിയ കൂട്ടുകാരനെ കിട്ടിയ സന്തോഷത്തോടെ എല്ലാവര്‍ക്കും ശുഭരാത്രി ആശംസിച്ച് ഞാന്‍ സുനിലിന്റെ വണ്ടിയുടെ പിന്നിലെ സീറ്റ്‌തരപ്പെടുത്തി വീണ്ടും മെട്രോസ്റ്റേഷനിലേക്ക് തിരിച്ചു.

വാലറ്റം:: ഇതിലില്ലാത്ത എല്ലാ ഫോട്ടോകള്‍ക്കും കടപ്പാട് മിടുക്കനോട്.

ബിജോയ്, പാര്‍വ്വതി, മനു എന്നിവര്‍ ജോലിത്തിരക്കുമൂലം മീറ്റിനെത്താന്‍ സാധിക്കാത്തില്‍ തങ്ങളുടെ അഗാധമായ ദു:ഖം ഫോണിലൂടെ രേഖപ്പെടുത്തി. നീര്‍മാതളം ചെന്നെയില്‍നിന്നും (മുന്‍ ദില്ലി ബ്ലോഗ്ഗര്‍) കുമാരേട്ടന്‍ ഗോവയില്‍നിന്നും പിന്നെയും ഞാനറിയാത്ത പലരും ശ്രീജിയുടെ ഫോണില്‍ ആശംസകളറിയിക്കാന്‍ വിളിച്ചിരുന്നു.

മീറ്റിനാശംസകളറിയിച്ച എല്ലാ ബൂലോക കൂടപ്പിറപ്പുകള്‍ക്കും നന്ദി.

Labels: , ,

Thursday, April 19, 2007

ദില്ലിയില്‍ അതീവ ജാഗ്രത...

ലോക പ്രശസ്ത മണ്ടന്‍ എങ്ങനെയൊ ദില്ലിയില്‍ എത്തിയിരിക്കുന്നെന്ന് ഇന്റജിലന്‍സ് ബ്യൂറോ റിപ്പൊര്‍ട്ട് ചെയ്യുന്നു.

അതിനാല്‍ ദില്ലിയിലൊ എന്‍സിആര്‍ ഏരിയായിലൊ ഉള്ള ആരേലും ബ്ലോഗ് ചെയ്യുന്നവരാണേങ്കില്‍
ഇനി അതല്ല മണ്ടനെ കാണണം എന്ന് ആഗ്രഹം ഉള്ളവരാണെങ്കില്‍ പോലും, (ബ്ലൊഗര്‍ മാര്‍ മസ്റ്റ് ആണ്..) വൈകിട്ട് കൊണാട്ട് പ്ലേസിനു സമീപമുള്ള ആന്ധ്രാഭവന്‍ ഹൊട്ടലില്‍ എത്തിച്ചേരാന്‍ ആവശ്യപ്പെടുന്നു...

പൊതു ജനങ്ങള്‍ ഭയാകുലരാകേണ്ട കാര്യം ഇല്ലെന്ന് പ്രതിരൊധ മന്ത്രാലായം അറിയിക്കുന്നു.