ദില്ലി ബ്ലോഗ്‌ മീറ്റ്‌

Monday, January 14, 2008

തട്ടിക്കൂട്ടിയ മീറ്റ് - ദില്ലി - 2008

കേരളാ ഹൗസിനു സമീപത്തുള്ള പടേല്‍ ചൌക്ക് മെട്രോ സ്റ്റേഷന്‍. ഞായറാഴ്ച കാലത്ത് പതിനൊന്നു മുപ്പത്. പെട്ടെന്നു തീരുമാനിച്ച മീറ്റിനു പങ്കെടുക്കാനായി മീറ്റിംഗ് സ്പോട്ടായി തീരുമാനിച്ച അവിടേക്ക്, സുഗതരാജ് പലേരി, മാത്യൂ, ഹരീഷ്, ഹരീഷിന്‍റെ കൂട്ടുകാരന്‍ ഹരി‍കൃഷ്ണന്‍ എന്നിവര്‍ എത്തിച്ചേര്‍ന്നു.


'കൊണാട്ട് പ്ലേസില്‍ പുതിയ പോസ്റ്റിനു സ്പാര്‍ക്ക് തേടി സമയം വേസ്റ്റാക്കാതെ പെട്ടെന്നു വാ' എന്ന മാത്യൂസിന്‍റെ ഓര്‍ഡര്‍ കേട്ട് മനു ഓടിപാഞ്ഞെത്തി.

'ഞങ്ങള്‍ രണ്ടാമത്തെ ഗേറ്റിലുണ്ട് നിങ്ങള്‍ എവിടെയാ?' എന്ന് കാര്ട്ടൂണിസ്റ്റ് സുധീര്‍ മൊബൈലില്‍ ഫോണില്‍.

'ഞങ്ങളും രണ്ടില്‍ തന്നെ.. ദാ എത്തി' എന്ന് സുഗതരാജ്.


പത്തുമിനിട്ട് തപ്പിയിട്ടും കാണാതായപ്പോള്‍ 'എന്നാല്‍ കേരളാ ഹൗസിലോട്ട് പോക്കോ അവിടെത്താം' എന്ന കോമ്പ്രമൈസില്‍ എല്ലാവരും നേരെ അങ്ങോട്ട് വിട്ടു. മെട്രോസ്റ്റേഷനു പിന്നിലുള്ള ഇടവഴിയിലൂടെ കേരളാ ഹൗസിനു മുന്നിലേക്ക്.

കേരളാ ഹൗസിന്‍റെ മുന്നില്‍ കാര്ട്ടൂണിസ്റ്റ് സുധീര്‍, കാര്‍ട്ടൂണിസ്റ്റും, അനിമേഷന്‍ സ്പെഷലിസ്റ്റുമായ ജോസ് ജോസഫ് , ഫോട്ടോഗ്രാഫര്‍ ദിനകര്‍ , ചിത്രകാരനായ ഷിനോദ്. സൌഹൃദത്തിന്‍റെ സുഖമുള്ള പരിചയപ്പെടലുകള്‍, പരിചയം പുതുക്കലുകള്‍, ക്ഷേമാന്വേഷണങ്ങള്‍..


ആദ്യകാല ബ്ലോഗ് മെമ്പര്‍മാരായ ബിജോയ്, പ്രശാന്ത്, പാര്‍വ്വതി, സുനില്‍ എന്നിവരെക്കൂടെ പരിചയപ്പെടാമെന്ന പുതിയ മെമ്പര്‍മാരുടെ മോഹം, അവര്‍ക്ക് വരാന്‍ കഴിയാഞ്ഞതു കൊണ്ട്, സാധിച്ചില്ല.


കേരളാഹൗസിന്‍റെ മുന്നിലെ പുല്‍ത്തകിടിയില്‍, ജനുവരിയിലെ തണുപ്പിന്‍റെ റൊമാന്‍റിക് ബാക്ക്‌ഗ്രൌണ്ടില്‍, ദില്ലി ബ്ലോഗേഴ്സ് വട്ടത്തിലിരുന്നു. ചിരിയും തമാശയും ഗൌരവവും ഒത്തുചേര്‍ന്ന ചര്‍ച്ച തുടങ്ങി.

മലയാളം ബ്ലോഗിംഗിന്‍റെ ഉത്ഭവം, വളര്‍ച്ച, ഭാവി, പ്രധാന ടിപ്പുകള്‍ എന്നിവയെ കുറിച്ച് സരസമായി സുഗതരാജിന്‍റെ വിവരണം.സുധീര്‍നാഥ് സ്വന്തം ജീവിതയാത്രയെപറ്റി ഹ്രസ്വമായി വിവരിച്ചു. ദിവസവും രണ്ടു മണിക്കൂര്‍ വാര്‍ത്തകള്‍ക്കുള്ളില്‍ പരതി, അടുത്ത ദിവസത്തെ കാര്‍ട്ടൂ‍ണിനു വിഷയം കണ്ടുപിടിക്കുന്ന ശ്രമകരമായ ജോലിയെപറ്റി, കര്‍മ്മമണ്ഡലത്തിലെ അനുഭവങ്ങളെ പറ്റി.......


'പൂമ്പാറ്റ' എന്ന കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണത്തിന്‍റെ ആര്‍ട്ട് ഡയറക്ടര്‍ സ്ഥാനം ഉപേക്ഷിച്ച്, ആനിമേഷന്‍ രംഗത്തെ അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞ് ദില്ലിയിലേക്ക് വണ്ടികയറി, ആനിമേഷന്‍ സാമ്രാജ്യത്തെ കീഴടക്കിയ കഥ ജോസ് ജോസഫ് വിവരിച്ചത്, മറ്റുള്ളവര്‍ അത്ഭുതത്തോടെയും, അതിലേറെ സന്തോഷത്തോടെയും കേട്ടിരുന്നു. വിദേശികള്‍ മാത്രം ആനിമേഷന്‍ ഫിലിമുകള്‍ നിര്‍മ്മിച്ചിരുന്ന എണ്‍പതുകളില്‍, എസ്‌കോര്‍ട്സ് ഗ്രുപ്പ് മുതലാളിയായിരുന്ന നിഖില്‍ നന്ദയെ അനിമേഷന്‍റെ അനന്ത സാധ്യതകളെ കുറിച്ച് ബോധവല്‍ക്കരിക്കുകയും, എസ്കൊടൂണ്‍സ് എന്ന അവരുടെ തന്നെ സ്ഥപനത്തിന്‍റെ അനിമേഷന്‍ വിഭാഗം തലവനായി മാറുകയും, 'ഡിസ്നി ലാന്ഡില്‍' നിന്നും ആനിമേഷന്‍ വിദഗ്‌ധരെ ഇന്ത്യയിലേക്കു കൊണ്ടുവന്നതും, കൂടുതല്‍ പഠിക്കുവാനായി ആ സ്ഥാനം ഉപേക്ഷിച്ചതും എല്ലാം ജോസ് ജോസഫ് പറഞ്ഞപ്പോള്‍, മറ്റൊരു മലയാളിയുടെ വിജയഗാഥ, കേട്ടിരുന്നവര്‍ക്ക് അഭിമാനത്തിന്‍റെ കോരിത്തരിപ്പ്.


ഫിറ്റിംഗില്‍ ഒരു ഐ.ടി.ഐ ഡിപ്ലോമയുമായി ദില്ലിയില്‍ എത്തി അലഞ്ഞു നടന്ന്, ഫോട്ടോഗ്രാഫി പഠിച്ച് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച്, അതിലും രക്ഷയില്ലാതെ ഭാര്യയുമൊത്ത് തിരികെ നാട്ടിലേക്ക് പോകാനൊരുങ്ങിയതും, മുന്‍ പ്രധാനമന്ത്രി ശ്രീ വി.പി.സിംഗിന്‍റെ പടം എടുക്കാന്‍ കിട്ടിയ അവസരത്തില്‍ നിന്ന്, ദില്ലിയിലെ മികച്ച ഫോട്ടോഗ്രാഫര്‍ ആയി ഉയര്‍ന്ന്‌, ഇന്ന് സ്വന്തമായി ഒരു ഒരു സ്റ്റുഡിയോയും നാലു ജോലിക്കാരുള്ളസ്ഥിതിയിലെത്തിച്ചേര്‍ന്ന മറ്റൊരു വിജയകഥ ദിനകര്‍ പറഞപ്പോള്‍, അര്‍പ്പണബോധവും, ആത്മവിശ്വാസവും ഉണ്ടെങ്കില്‍ ആര്‍ക്കും എന്തുമായിത്തീരാം എന്ന പാഠം പുല്‍ത്തകിടിയില്‍ ഇരിക്കുന്നവര്‍ക്ക് ഒരിക്കല്‍ കൂടി അത്ഭുതവും ആത്മവിശ്വാസവും പകര്‍ന്നുനല്കി.


ഫൈന്‍ ആര്‍ട്ട്‌സ് കോളജിലെ വിദ്യാര്‍ഥിയും, പിന്നെ അവിടുത്തെ തന്നെ അധ്യാപകനുമായി മാറിയ ഷിനോദ്, മുകുന്ദന്‍റെ 'ഡല്‍ഹി' വായിച്ച്, ജോലി ഉപേക്ഷിച്ച് ഇവിടെ വന്ന കഥ പറഞ്ഞു. അറിയപ്പെടുന്ന ചിത്രകാരന്‍ ആവുക എന്ന മോഹം സഫലമായതിന്‍റേയും, നിരവധി എക്സിബിഷന്‍ നടത്തിയതിന്‍റേയും അഭിമാനം ആ വാക്കുകളില്‍. 'ഇന്ത്യാ ടുഡെ'യിലെ ഗ്രാഫിക് ഡിസൈനറായി ഉയര്‍ന്നു വന്ന ഷിനോദിന്‍റെ കഥയും തിളങ്ങുന്ന, തിളങ്ങാന്‍ മാത്രം ആഗ്രഹിക്കുന്ന മലയാളിയുടെ മനോവീര്യത്തിന്‍റെ മറ്റൊരു ഏടായി മാറി.

കൊച്ചുകൊച്ചു കാര്യങ്ങള്‍ പറഞ്ഞ് ഒടുവില്‍ കുട്ടിക്കവിതയില്‍ എത്തിനില്‍ക്കുന്ന തന്‍റെ ബ്ലോഗിങ്ങിനെക്കുറിച്ച് മാത്യൂസ്...

ഉടന്‍ എഴുതിതുടങ്ങുന്ന ദില്ലിയെ കുറിച്ചുള്ള പോസ്റ്റിനായി നടക്കുന്ന റിസേര്‍ച്ചുകളെപറ്റി സുഗതരാജ്...

'പഞ്ചാര ഇമേജ്' എന്തായാലും ഒന്നു മാറ്റിയെടുക്കണം എന്ന ഭീഷ്മശപഥവുമായി മനു..

ഫോട്ടോ ബ്ലോഗിനെ കുറിച്ച് ഹരീഷ്...

വായനക്കാരന്‍ എന്നനിലയില്‍ നിന്നും മാറി ഉടനെ ഒരു ബ്ലോഗറാവണം എന്ന് ഹരി‍കൃഷ്ണന്‍.


ഇടയ്ക്ക് മിന്നല്‍പിണറുകള്‍ പോലെ ക്യാമറ ഫ്ലാഷുകളും ക്ലിക്കുകളും.. ദിനകര്‍ വക... ഹരീഷ് വക....


അതിനിടയില്‍ കേരള ഹ ഹ ഹ സജ്ജീവിന്‍റേ ഫോണ്‍ കൊച്ചിയില്‍ നിന്നും. മീറ്റിനു എല്ലാ ആശംസകളും അദ്ദേഹത്തിന്‍റെ വക.. പുറകെ നാട്ടില്‍ നിന്നും കുറുമാന്‍റെ ഫോണ്‍ .


കേരളാ ഭവനിലിരിക്കുന്ന ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ നേരെ ആന്ധ്രാഭവനിലേക്ക് (ഈ കേരളത്തിന്‍റെ കാര്യം, സണ്‍ഡേ ഹോളീഡേ!!). ആന്ധ്രാഭവനിലെ 'ആലുവാമണപ്പുറത്തെ' തിരക്കുകണ്ട് (അവര്‍ക്ക് അന്ന് സാറ്റര്‍ഡേ ആണെന്നു തോന്നുന്നു!), നേരെ ബംഗാളി മാര്ക്കറ്റിലേക്ക്.

'ബംഗാളി സ്വീറ്റ്‌സില്‍' പിന്നെയും വട്ടമേശ സമ്മേളനം. ഛോലാ ഭട്ടൂരാ, നാന്‍, ചാവല്‍ (ചോറല്ല!). നാവില്‍ വെള്ളം (വയറ്റിലും!) നിറയ്ക്കുന്ന ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ മുന്നില്‍.


ഊണിനിടയിലും കഥകള്‍... വീരഗാഥകള്‍...തമാശകള്‍.... വിജയിച്ചവരും, വിജയിച്ചുകൊണ്ടിരിക്കുന്നവരും, വിജയിക്കാനിരിക്കുന്നവരും ഒരേപോലെ..ജാഡകള്‍ ഇല്ലാതെ... പച്ചമനുഷ്യരായി....ഒരേ പച്ചപ്പില്‍ നിന്ന് വന്നവരായി അങ്ങനെ...


പലതരം തിരക്കുകള്‍ കാരണം, ജോസ് ജോസഫും, സുധീറും, ദിനകറും, ഷിനോദും, ഹരീഷും യാത്രപറഞ്ഞിറങ്ങി. സുഗതരാജും, മാത്യൂസും, മനുവും, ദില്ലിയുടെ കാഴ്ചകളിലേക്ക് നടന്നു നീങ്ങി.


കോഫീ ഹൌസിനു വെളിയില്‍ ചെറുചൂടുംകൊണ്ട് ചൂടു കോഫി മൊത്തിക്കൊന്ടിരുന്നപ്പോള്‍, കോഫീഹൌസിലെ തൂക്കയന്ത്രത്തില്‍ നാണയമിട്ട് മാത്യൂസ് ആദ്യം കയറി.. തൂക്കം കുറഞ്ഞതില്‍ വിഷമം. പിന്നെക്കയറിയ സുഗതരാജിന്‌ തൂക്കം കൂടിയതില്‍ വിഷമം.

'രണ്ടുരൂപ മുടക്കി വിഷമിക്കാന്‍ എന്നെക്കിട്ടില്ല' എന്ന മട്ടില്‍ വെളിയില്‍കണ്ട പെണ്‍കിടാവിനെയും നോക്കി മനു.

കൊണാട് പ്ലേസിന്‍റെ വിരിമാറിലൂടെ, പാലികാ ബജാറിന്‍റെ അകത്തുകൂടെ വിന്ഡോ ഷോപ്പിംഗ് ചെയ്തും, മനസില്‍ വിസില്‍ അടിച്ചും മൂന്നുപേരും ഒരുപാട് നേരം.

കാറുകളുടെ മോഡലുകളെപറ്റി മാത്യൂസ്.

കളറുകളുടെ മോഡലുകളെപറ്റി മനു.

കാലത്തിന്‍റെ മോള്‍ഡിംഗിനെ പറ്റി സുഗതരാജ്.

സൌഹൃദത്തിന്‍റെ കാറ്റേറ്റ് ആറുമണിവരെ നടത്തം. ഇടയ്ക്ക് പേരയ്ക്ക തിന്നും, പേഴ്സിനു വിലചോദിച്ചും, ഭാവിയില്‍ വാങാന്‍ പോകുന്ന ഷര്‍ട്ടുകള്‍ കണ്ടുവച്ചും അങ്ങനെ....

എന്നത്തെയും പോലെ മെട്രോ സ്റ്റേഷന്‍ കണ്ടതേ സുഗതരാജ് രണ്ടുപേര്‍ക്കും ഷേക്ക് ഹാന്ഡ് കൊടുത്തു. ഒന്നല്ല പലതവണ.

മാത്യൂസിന്‍റെ ബൈക്കിലിരുന്ന് മനു ജന്തര്‍മന്ദിറിലെ സ്റ്റോപ്പിലേക്ക്.

മനോഹരമായ.....ഒരിക്കലും മറക്കാത്ത സുഖമുള്ള ഒരു ഞായറാഴ്ച അങ്ങനെ കറുത്തുകുറുകി.... തണുത്തുറഞ്ഞ്...(ജനുവരിയല്ലേ!)

'ലൈഫ് ഈസ് സിമ്പ്ലി ബ്യൂട്ടിഫുള്‍....' വൈകിട്ട് എല്ലാവരും ഫോണ്‍ വിളിച്ച് ഇതു തന്നെ പറഞ്ഞു.... എങ്ങനെ പറയാതിരിക്കും.
*******
തയ്യാറാക്കിയത്: ജി.മനു & സുഗതരാജ് പലേരി

12 Comments:

 1. മറ്റൊരു ദില്ലി മീറ്റ്. തട്ടിക്കൂട്ടിയതാണെങ്കിലും മറക്കാന്‍ കഴിയില്ലീമീറ്റും.

  By Blogger സുഗതരാജ് പലേരി, at 3:37 AM  

 2. മനുവിന്റേയും സുഗതരാജിന്റേയും വക ദില്ലി മീറ്റിനേക്കുറിച്ചുള്ള വിവരണം അടിപൊളി. എന്തായാലും രാവിലെ 9 മണി മുതല്‍ വൈകിട്ട് 9 മണിവരെയുള്ള 12 മണിക്കൂര്‍ വളരെ രസകരമായിരുന്നു എന്ന് പറയാതെ വയ്യ. ദൈനംദിനമുള്ള വിരസമായ ഓഫീസ് ജീവിതത്തിനിടയില്‍ വീണുകിട്ടിയ സൌഹൃദനിമിഷങ്ങളും പുതിയ കൂട്ടുകെട്ടുകളും തികച്ചും രസകരമായിരുന്നു.

  “കോഫീ ഹൌസിനു വെളിയില്‍ ചെറുചൂടുംകൊണ്ട് ചൂടു കോഫി മൊത്തിക്കൊന്ടിരുന്നപ്പോള്‍, കോഫീഹൌസിലെ തൂക്കയന്ത്രത്തില്‍ നാണയമിട്ട് മാത്യൂസ് ആദ്യം കയറി.. തൂക്കം കുറഞ്ഞതില്‍ വിഷമം. പിന്നെക്കയറിയ സുഗതരാജിന്‌ തൂക്കം കൂടിയതില്‍ വിഷമം. 'രണ്ടുരൂപ മുടക്കി വിഷമിക്കാന്‍ എന്നെക്കിട്ടില്ല' എന്ന മട്ടില്‍ വെളിയില്‍കണ്ട പെണ്‍കിടാവിനെയും നോക്കി മനു.“ ഹഹഹ. ഈ ഭാഗം വായിച്ച് ശരിക്കും ചിരിച്ചു. കാരണം ഈയിടെ അസുഖമായി 10 കിലോ കുറഞ്ഞ എനിക്ക് 3 കിലോ മാത്രമേ കൂടിയുള്ളല്ലോ എന്ന വിഷമം സുഗതരാജിന് പെട്ടെന്ന് മനസ്സിലായല്ലോ ;)എന്നാലും 'പഞ്ചാര ഇമേജ്' എന്തായാലും ഒന്നു മാറ്റിയെടുക്കണം എന്ന ഭീഷ്മശപഥവുമായി നടക്കുന്ന മനുവിനേപ്പറ്റി ഇങ്ങനെയെഴുതിയല്ലോ ഹി ഹി ;)

  ഇനിയും മറ്റൊരു മീറ്റില്‍ നമുക്കെല്ലാവര്‍ക്കും ഒത്തുകൂടാം. ബിജോയ്, പ്രശാന്ത്, പാര്‍വതി, സുനില്‍ ‍എന്നിവര്‍ക്കും സൌകര്യപ്രദമായ ഒരു ദിവസം. കാരണം ഈ മീറ്റ് പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നതിനാല്‍ ആണല്ലോ അവര്‍ക്ക് പങ്കെടുക്കാന്‍ പറ്റാതിരുന്നത്.

  By Blogger മഴത്തുള്ളി, at 4:29 AM  

 3. ദില്ലി മീറ്റിങ്ങ് വിവരണം നന്നായി, ചിത്രങ്ങളും.

  By Blogger പ്രിയ ഉണ്ണികൃഷ്ണന്‍, at 6:28 AM  

 4. :)

  By Blogger തറവാടി, at 7:23 AM  

 5. ഇങ്ങനെയൊരു മീറ്റ് സംഘടിപ്പിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

  By Blogger വാല്‍മീകി, at 7:40 AM  

 6. അഭിനന്ദനങ്ങള്‍
  ബഹറിന്‍ ബൂലോക കൂട്ടായ്‌മയുടെ ആശംസകള്‍

  By Blogger ബാജി ഓടംവേലി,ബഹറിന്‍, at 8:41 AM  

 7. രസമായി.

  By Blogger എസ് പി ഹോസെ, at 6:04 PM  

 8. തല്ലിക്കൂട്ടിയതെങ്കിലും ഇങ്ങനെ ഒരു മീറ്റ് സംഘടിപ്പിച്ചതിന്‍ ആശംസകള്‍‌... ഒപ്പം മീറ്റില്‍‌ പങ്കെടുത്ത എല്ലാ ബൂലോക കൂടപ്പിറപ്പുകള്‍‌ക്കും.

  :)

  By Blogger ശ്രീ, at 12:00 AM  

 9. baalaa...

  നീ കലക്കി കൃഷ്ണാ

  :)
  ഉപാസന

  By Blogger ഉപാസന | Upasana, at 7:21 AM  

 10. പിള്ളാര്‍ക്കൊന്നും പഴയ സ്നേഹമില്ലെന്നു തോന്നുന്നല്ലോ ദില്ലി ബ്ളോഗേഴ്സേ.. ആശംസയും അനുമോദനവും കിട്ടുന്നില്ലല്ലോ.. ഉം.. കാലം മാറുവല്ലേ അല്ലേ

  By Blogger G.manu, at 8:16 PM  

 11. കേരളാഹൗസിന്‍റെ മുന്നിലെ പുല്‍ത്തകിടിയില്‍, ജനുവരിയിലെ തണുപ്പിന്‍റെ റൊമാന്‍റിക് ബാക്ക്‌ഗ്രൌണ്ടില്‍ ദെല്‍ഹി മീറ്റിലെ പുലിക്കുട്ടികളോടൊപ്പമിരിയ്ക്കുന്ന മാത്യു അച്ചായന്റെ മീശകാണുമ്പോള്‍, എനിയ്ക്ക് എന്തോ ‘കായംകുളം കൊച്ചുണ്ണി‘ സീരിയലിലെ ‘നൂറ്‘ എന്ന കഥാപാത്രത്തെ ഓര്‍മ്മവരുന്നതെന്തരപ്പീ...?

  :)

  By Blogger സുമേഷ് ചന്ദ്രന്‍, at 4:26 AM  

 12. ദില്ലി മീറ്റിനെപ്പറ്റി സുഗതരാജിന്‍റ്റെ വിവരണം വായിച്ചു. എന്നെപ്പറ്റി പറഞ്ഞ കാര്യങ്ങളില്‍ അല്പ്പം ചില പിശകുകളുണ്ട്. 80ല്‍ പൂമ്പാറ്റയില്‍ തുടങ്ങിയ എന്റെ ഔദ്യോഗിക ജീവിതം പക്ഷെ ആര്‍ട് ഡയറ്ക്റ്റര്‍ ആയല്ലായിരുന്നു എന്നതാണ് അതിലൊന്ന്‌.

  അതു പോലെ, എസ്കൊടൂണ്‍സ് തുടങ്ങിവെച്ച കാലം 80 കളിലല്ലായിരുന്നു. 2000-ല്‍ ആണത്‌.

  എന്‍റ്റെ ബ്ലോഗ്-ല്‍ അനുദിന സംഭവങ്ങളുടെ കാര്ട്ടൂണുകള്‍ എല്ലാ ദിവസവും അപ്ഡേറ്റു ചെയ്യുന്നുണ്ട്‌. കാണുന്നുന്ടായിരിക്കുമല്ലൊ.

  ജോസ്

  By Anonymous Jose, at 9:13 AM  

Post a Comment

<< Home